English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

തെക്കൂംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിക്ക് എഴുതപ്പെട്ടതും അല്ലാത്തതുമായി നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രാതീത കാലത്ത് ചങ്ങനാശ്ശേരിയും പരിസരപ്രദേശങ്ങളും കടലിനടിയിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വലിയ കടല്‍ത്തീരം കാലാന്തരത്തില്‍ പെരുന്നയായി തീര്‍‌ന്നെന്നും, കടലിനടുത്ത ചേരി ചെങ്ങ (വെള്ളം), ചങ്ങനാശ്ശേരിയായിത്തീര്‍‌ന്നെന്നും, കായലിനടുത്തുള്ള പായല്‍ നിറഞ്ഞ പാടം പായിപ്പാട് ആയി മാറിയെന്നുമാണ് സ്ഥലനാമ ഗവേഷകരായ പണ്ഡിതരുടെ അഭിപ്രായം. കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ, ഈ പ്രദേശമുള്‍പ്പെടുന്ന ഇടനാട്ടിലെയും ആദിമനിവാസികള്‍ അടിസ്ഥാനവര്‍ഗ്ഗ ജനതയായിരുന്നു. അവരുടെ ആരാധനാമൂര്‍ത്തികളായ മൂര്‍ത്തികള്‍ , യക്ഷികള്‍ , ശക്തിസ്വരൂപിണിയായ ഭദ്ര തുടങ്ങിയവയുടെ പ്രതിഷ്ഠാസ്ഥാനങ്ങള്‍ നഗരത്തോടു ചേര്‍ന്നുള്ള അയല്‍ഗ്രാമങ്ങളുടെ പല ഭാഗങ്ങളിലും കാണുന്നുണ്ട്. ഇവിടുത്തെ പാടങ്ങളില്‍ ഒരു പത്തടി താഴ്ചയില്‍ എവിടെയും സുലഭമായി കണ്ടിരുന്ന കണ്ടാമരങ്ങളും, കൂറ്റന്‍ വൃക്ഷങ്ങളുടെ കുറ്റിച്ചോടുകളും, തടിച്ച വേരുകളും, ഒരു കാലത്ത് ഇവിടുത്തെ ഉയര്‍ന്ന പ്രദേശങ്ങളെ പോലെ തന്നെ, ചില താഴ്ന്ന പ്രദേശങ്ങളും നിബിഡ വനമായിരുന്നുവെന്ന സൂചന നല്‍കുന്നു. ചങ്ങനാശ്ശേരി നഗരത്തിന്റെ പരിസരത്തുള്ള ചില പ്രദേശങ്ങളില്‍ കല്ലു വെട്ടിത്താഴ്ത്തി, കല്പടവോടുകൂടിയ വിസ്തൃതമായ കുളങ്ങള്‍ കാണുന്നു. കുലശേഖര ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് ചങ്ങനാശ്ശേരി, നന്‍ട്രുഴൈനാടിന്റെ ഭാഗമായിരുന്നു. നന്‍ട്രുഴൈനാടിന്റെ തലസ്ഥാനം തൃക്കൊടിത്താനമായിരുന്നുവെന്ന് ഭാസ്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനം ശാസനത്തില്‍ നിന്നും തെളിയുന്നു. പുരാതനമായ തെക്കുംകൂര്‍ രാജ്യത്തിന്റെ ആസ്ഥാനം ചങ്ങനാശ്ശേരി ആയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തെക്കുകൂര്‍ രാജാക്കന്‍മാരുടെ ഭരണകാലത്ത് രാജ്യത്തിന്റെ അതിര്‍ത്തിയായി ഇവിടെ കൂറ്റന്‍ മണ്‍കോട്ടകള്‍ പണിതിരുന്നു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വ്യവസായ പ്രധാനമായ ഒരു സംസ്കൃതി ഇവിടെ വളര്‍ത്തിയെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ ചെട്ടികള്‍ക്ക് കഴിഞ്ഞിരുന്നതായി കാണാം. ശൈവാരാധകരായ അവര്‍ക്ക് ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളുമുണ്ടായിരുന്നു. പില്‍ക്കാലത്തുണ്ടായ ഏതോ ഭൂവ്യതിയാനമോ, രാഷ്ട്രീയ അട്ടിമറിയോ, ശക്തിവിന്യാസമോ, നാടുവിടാനവരെ നിര്‍ബന്ധിച്ചപ്പോള്‍ പിന്നീടൊരു കാലം തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ തങ്ങളുടെ നാണയശേഖരങ്ങളും, സ്വര്‍ണ്ണപണ്ടങ്ങളും അങ്ങിങ്ങ് കുഴിച്ചിട്ടിട്ടാണവര്‍ കുടിപുറപ്പെട്ടതെന്നാണ് ഐതിഹ്യം. ചില ചെട്ടികളുടെ കൈവശമുള്ള ചെപ്പേടുകളില്‍ ഇവിടുത്തെ ചില പ്രദേശങ്ങളുടെ ഭൂലക്ഷണങ്ങളടങ്ങുന്ന ദേശീയാലേഖനങ്ങളും, പായിപ്പാട്, തൃക്കൊടിത്താനം ക്ഷേത്രങ്ങളിലേക്ക് കാണിക്കയുമായി ചെട്ടിനാട്ടില്‍ നിന്നും കൊല്ലം തോറും ചെട്ടികള്‍ വന്നുകൊണ്ടിരുന്നതും, ഈ സംസ്കൃതിയ്ക്ക് തെളിവാണ്. അറിയപ്പെട്ടിട്ടുള്ള മണിപ്രവാളകാവ്യങ്ങളില്‍ വച്ച്, ഏറെ പുരാതനമായ ഉണ്ണുനീലി സന്ദേശത്തില്‍ ചങ്ങനാശ്ശേരിയെയും പരിസരപ്രദേശങ്ങളേയും പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഉണ്ണുനീലി സന്ദേശത്തിന്റെ രചനാകാലം എ.ഡി 1373-1374 കാലഘട്ടമാണ്. രാജധാനിയായ തിരുവനന്തപുരം മുതല്‍ മാവേലിക്കര, ഏറ്റുമാനൂര്‍ കൊട്ടാരങ്ങളെ ബന്ധിപ്പിച്ച്, കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറ കൊട്ടാരം വരെ നീണ്ടുകിടക്കുന്ന രാജവീഥി ചങ്ങനാശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ശ്രീവല്ലഭ ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചിരുന്ന ഈ രാജപാതയെ വെട്ടിമുറിച്ചുകൊണ്ട്, പായിപ്പാട് കവല മുതല്‍ ചങ്ങനാശ്ശേരി പട്ടണം വരെ നീളുന്ന വീതിയേറിയൊരു പാതയും പൌരാണിക കാലത്തുണ്ടായിരുന്നു. രാജഭരണകാലത്തെ ചോലമരങ്ങളും ചുമടുതാങ്ങികളും ഇന്നും ചില സ്ഥലങ്ങളില്‍ അവശേഷിക്കുന്നുണ്ട്. തെക്കുംകൂര്‍ രാജവാഴ്ചക്കാലത്ത് കാവില്‍ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തായിട്ട് കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനായി അങ്ങാടി സ്ഥാപിച്ചിരുന്നു. കൊല്ലവര്‍ഷം 175-ാം ആണ്ടോടുകൂടി അങ്കമാലിയില്‍ നിന്നും പെരുന്നയില്‍ വന്നെത്തി താമസമുറപ്പിച്ച കുഴിമണ്ണില്‍ കുടുംബക്കാര്‍ക്ക് തെക്കുംകൂര്‍ രാജാവില്‍ നിന്നും പെരുമാള്‍സ്ഥാനം ലഭിക്കുകയുണ്ടായി. എ.ഡി 1500-നും 1600- നും ഇടയിലാണ് ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ കുടിയേറിയതെന്നു കണക്കാക്കപ്പെടുന്നു. മാത്രാ പ്രയോഗം കൊണ്ട് നിമിഷങ്ങള്‍ക്കകം രോഗം നിയന്ത്രിക്കാന്‍ പറ്റുന്ന പ്രശസ്തമായ വൈദ്യപാരമ്പര്യമുള്ള ഗണകര്‍ , വിവിധ തരത്തിലുള്ള ശില്പവേലകളില്‍ വൈദഗ്ദ്ധ്യം നേടിയ എല്ലാ വിഭാഗങ്ങളിലും പെട്ട വിശ്വകര്‍മ്മജര്‍ തുടങ്ങിയവരും അക്കാലയളവില്‍ ഇവിടെ വന്നെത്തി. പ്രശസ്തമായ നിരണം പള്ളിയും, ചങ്ങനാശ്ശേരി അരമനയും ഇന്നാട്ടുകാരായ വാസ്തുശില്പികള്‍ പണിതീര്‍ത്തിട്ടുള്ളതാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്കു വേണ്ടി, രാമയ്യന്‍ ദളവയും, ക്യാപ്റ്റന്‍ ഡിലനോയിയും ചേര്‍ന്ന് 1750 സെപ്റ്റംബര്‍ 11-ാം തീയതി തെക്കുംകൂറിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി കീഴ്പ്പെടുത്തി തിരുവിതാംകൂറിനോട് ചേര്‍ത്തു. ചങ്ങനാശ്ശേരി പട്ടണത്തിന്റെ വികസന സാദ്ധ്യത മനസിലാക്കി വേലുത്തമ്പിദളവ സ്ഥാപിച്ചതാണ് ഇന്നത്തെ ചന്ത. അത് വളര്‍ന്നാണ് ചങ്ങനാശ്ശേരി ജനപദം ഉണ്ടായത്. ഓട്, കളിമണ്‍ വ്യവസായങ്ങള്‍ പണ്ടുമുതല്‍ തന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. ചങ്ങനാശ്ശേരിയുടെ ചരിത്രത്തിന്റെ ഭാഗമായ , കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക മണ്ഢലങ്ങളില്  ആദരണീയ വ്യക്തിത്വമായിരുന്ന നായര് സരവ്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ ഭാരത കേസരി ശ്രീ മന്നത്തു പത്മനാഭന് നഗരസഭാ കൌണ്സില് അംഗമായി പ്രവര്ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലാണ് ഇദ്ദേഹത്തിന്റെ ജന്മഗ്രഹം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് പെരുന്നയിലുള്ള എന് എസ് എസ് ആസ്ഥാനത്തോട് ചേര്ന്നാണ്. കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില് ഉന്നതനിലവാരം പുലര്ത്തുന്ന അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള് സ്ഥാപിക്കുവാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന് എസ് എസ് മുന് പ്രസിഡന്റും മുന് ജനറല് സെക്രട്ടറിയുമായിരുന്ന അഡ്വ.പി കെ നാരായണപണിക്കര് മുന് നഗരസഭ ചെയര്മാനാണ്. കൈനിക്കര കുമാരപിള്ള, കളത്തില്‍ വേലായുധന്‍ നായര്‍ തുടങ്ങിയവരെല്ലാം ഈ പ്രദേശത്തു നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ഉള്ളൂര്‍ സ്മാരക ലൈബ്രറി എന്ന പേരില്‍ ഇവിടെ ഒരു ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നുണ്ട്. 1928-ല്‍ ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആനന്ദാശ്രമം മഹാത്മജിയാണ് ഉദ്ഘാടനം ചെയ്തത്. മഹാപ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും പ്രവര്‍ത്തന കേന്ദ്രമായിരുന്നു ആനന്ദാശ്രമം. .ആഗോള കത്തോലിക്കാസഭയുടെ ഭാഗമായ ചങ്ങനാശ്ശേരി അതിരൂപതയുടെ ആസ്ഥാനം ഈ നഗരത്തിലാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , ഏ.ആര്‍ രാജരാജവര്‍മ്മ, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ , ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയ മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയത് ഈ നാടാണ്. പെരുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവില്‍ ഭഗവതി ക്ഷേത്രം, വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രം, ചിത്രക്കടവ് ശിവക്ഷേത്രം തുടങ്ങി നിരവധി പുരാതന ഹൈന്ദവ ക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്താ പള്ളി, മേരിമൌണ്ട് പള്ളി, ഓര്‍ത്തഡോക്സ് പള്ളി തുടങ്ങിയവയാണ് ഇവിടുത്തെ പ്രമുഖ ക്രൈസ്തവ ആരാധനാലയങ്ങള്‍ . നഗരത്തിലെ പ്രശസ്തമായ ആരാധനാലയമാണ് “മരിയന്‍ തീര്‍ത്ഥാടന കേന്ദ്ര”മായ പാറേല്‍ സെന്റ് മേരീസ് ചര്‍ച്ച്. പുതുര്‍പള്ളി ജമാഅത്ത്, പഴയ പള്ളി ജമാഅത്ത് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മുസ്ലീം ദേവാലയങ്ങള്‍ . ചങ്ങനാശ്ശേരി പട്ടണത്തെ രണ്ടായി പകത്തുകൊണ്ടാണ് മെയിന്‍ സെന്‍ട്രല്‍ റോഡ് കടന്നു പോകുന്നത്.