English| മലയാളം

ആമുഖം

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിലാണ് ചങ്ങനാശ്ശേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. വാഴപ്പള്ളി വെസ്റ്റ്, ചങ്ങനാശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചങ്ങനാശ്ശേരി നഗരസഭയ്ക്ക് 13.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കണ്ണംപേരൂര്‍ തോടും, അതിനപ്പുറം വാഴപ്പള്ളി, തൃക്കൊടിത്താനം എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണ്ണംപേരൂര്‍ തോടും, അതിനപ്പുറം തൃക്കൊടിത്താനം, പായിപ്പാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ളായിക്കാട്ട് തോടും, അതിനപ്പുറം പായിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കറ്റിശ്ശേരികടവ് തോടും അതിനപ്പുറം പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളുമാണ് ചങ്ങനാശ്ശേരി നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍ . സമുദ്രനിരപ്പില്‍ നിന്നു 7.1 മീറ്റര്‍ ഉയരത്തിലാണ് ചങ്ങനാശ്ശേരി നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്. നഗരത്തിന്റെ കിഴക്കുഭാഗങ്ങളില്‍ ചെങ്കല്ലു കലര്‍ന്നതും, പടിഞ്ഞാറുഭാഗങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണിന്റെ അംശമുള്ളതും അമ്ലത്വം കുറഞ്ഞതുമായ മണ്ണിനങ്ങളാണ് പൊതുവേ കാണപ്പെടുന്നത്. നഗരപ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങള്‍ താഴ്ന്ന സമതലപ്രദേശങ്ങളും, മധ്യഭാഗം ഉയര്‍ന്ന സമതലവുമാണ്. സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ പ്രദേശത്തിന്റെ കിടപ്പ്. കുന്നുകള്‍ , ചെരിവുകള്‍ , സമതലങ്ങള്‍ , താഴ്വരകള്‍ എന്നിങ്ങനെ ഈ നഗരപ്രദേശത്തിന്റെ ഭൂപ്രകൃതിയെ വേര്‍തിരിക്കാം.