ചങ്ങനാശ്ശേരി കേരളത്തിലെ കോട്ടയം ജില്ലയിലുള്ള നഗരവും, താലൂക്കുമാണ്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പട്ടണം 'അഞ്ചുവിളക്കിന്റെ നാട്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം ചങ്ങനാശ്ശേരി നഗരസഭയുടെ കീഴിലാണ്. മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രംകൂടിയാണിത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനോടും ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടേയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാല്‍ അരി, കുരുമുളക്, ഇഞ്ചി എന്നിവയുടെ വ്യാപാരത്തില്‍ മുന്‍പന്തിയിലാണ് ഈ നഗരം. വിവിധ മത വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയില്‍ ഒരുമയോടെ കഴിയുന്നു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മതങ്ങള്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതയാണ്.